സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ല; റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവെന്നും ഉടമകൾക്ക് സമ്മതമെങ്കിൽ അതിരടയാള കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. ഉടമകൾക്ക് സമ്മതമല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവിൽ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ഇനിമുതൽ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയാണ് റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ജിപിഎസിലൂടെ കെ റെയിൽ കടന്നു പോകുന്ന റൂട്ടിൽ കല്ലിടൽ വിർച്വലായി ചെയ്യാനാണ് തീരുമാനം. ജിയോ ഗാഡ് സംവിധാനം വഴിയാകും കല്ലിടൽ നടക്കുക.

ജിപിഎസിലൂടെ സർവ്വേ നടത്തിയാകും ജിയോ ടാഗ് കല്ലിടൽ. സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിങ് എന്നുപറയുന്നത്. നിലവിൽ വസ്തു കൈയേറ്റങ്ങളും മറ്റും തടയുന്നതിന് പലരും ഈ മാതൃകയിൽ ഇടപെടലുകൾ നടത്തിയിരുന്നു. ഈ രീതിയിലൂടെ കെ റെയിലിന്റെ പാത കടന്നു പോകുന്ന വഴി കൃത്യമായി തന്നെ രേഖപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.