തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിലിന് വേണ്ടി ഇനി ഒരിടത്തും കല്ലിടില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ഇനിമുതൽ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കും. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ജിപിഎസിലൂടെ കെ റെയിൽ കടന്നു പോകുന്ന റൂട്ടിൽ കല്ലിടൽ വിർച്വലായി ചെയ്യാനാണ് തീരുമാനം. ജിയോ ഗാഡ് സംവിധാനം വഴിയാകും കല്ലിടൽ നടക്കുക.
ജിപിഎസിലൂടെ സർവ്വേ നടത്തിയാകും ജിയോ ടാഗ് കല്ലിടൽ. സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിങ് എന്നുപറയുന്നത്. നിലവിൽ വസ്തു കൈയേറ്റങ്ങളും മറ്റും തടയുന്നതിന് പലരും ഈ മാതൃകയിൽ ഇടപെടലുകൾ നടത്തിയിരുന്നു. ഈ രീതിയിലൂടെ കെ റെയിലിന്റെ പാത കടന്നു പോകുന്ന വഴി കൃത്യമായി തന്നെ രേഖപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടലാസ് കമ്പനികളേയും മറ്റും കണ്ടെത്താൻ കേന്ദ്ര സർക്കാർ രജിസ്റ്റേർഡ് ഓഫീസുകൾക്കും മറ്റും ജിയോ ടാഗ് സംവിധാനം കൊണ്ടു വന്നിരുന്നു. ഈ മാതൃകയാണ് കെ റെയിലിന് വേണ്ടി അധികൃതർ സ്വീകരിക്കുന്നത്.

