സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയം; കല്ലിടൽ വേണ്ടെന്ന് വെച്ചതിൽ പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ വേണ്ടെന്ന് വെച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അടക്കം എടുത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടു. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാം ഘട്ട സമരം വിജയിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സർക്കാരും മുട്ട് മടക്കിയത്. കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സിൽവർ ലൈൻ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ കെ.റെയിൽ ചർച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് എൽഡിഎഫ് കൺവീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഘഉഎ കൺവീനർ മാറ്റി പറഞ്ഞു. വികസനം ചർച്ച ചെയ്യാമെന്ന യുഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.