ആശ്വാസ നടപടി; കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്ക്കാലിക ആശ്വാസവുമായി കേന്ദ്രം. കേരളത്തിന് 5000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര ധനകാര്യമന്ത്രാലയം അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ തേടിയിരുന്നത്. എന്നാൽ 5000 കോടി രൂപയുടെ വായ്പയ്ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.

ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വായ്പയെടുക്കാൻ അനുമതി നേടാൻ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാൻ മുഖ്യമന്ത്രി ധനമന്ത്രിയോട് നിർദ്ദേശിച്ചു.