ന്യൂഡല്‍ഹി: ഭക്ഷ്യ-ഇന്ധന വിലകള്‍ ക്രമാതീതമായി ഉയരുന്നതിലൂടെ പണപ്പെരുപ്പം എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. ഏപ്രില്‍ മാസത്തില്‍ ചില്ലറ വില്‍പ്പന വിപണിയില്‍ പണപ്പെരുപ്പം 7.79% ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. അതേസമയം, മൊത്ത വില്പന വിപണിയില്‍ പണപ്പെരുപ്പം 7.5% ഉയര്‍ന്നു.
റഷ്യ-യുക്രൈന് യുദ്ധവും വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചു. വിപണിയില്‍ സാധനങ്ങളുടെ വില കുതിച്ചുയരുകയും, പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം.
അതേസമയം, ജൂണിലെ പണനയത്തില്‍ റിസര്‍വ്ബാങ്ക് റിപ്പോ നിരക്ക് 25-40 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. നാല് വര്‍ഷം മാറ്റമില്ലാതെ തുടര്‍ന്ന നിരക്കാണ് ആര്‍ബിഐ ഉയര്‍ത്തിയത്. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

