ബാംഗ്ലൂരിനെ വീഴ്ത്തി പഞ്ചാബ് കിംഗ്‌സ്‌

മുംബൈ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 54 റണ്‍സിന് തകര്‍ത്ത് പഞ്ചാബ് കിങ്സ് പ്ലേഓഫിനുളള സാധ്യത നിലനില്‍ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. രണ്ടാമത്തായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുളളൂ.

ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ(66) തുടക്കത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പഞ്ചാബിന് മികച്ച അടിത്തറ ലഭിച്ചു. 29 പന്തില്‍ നിന്ന് 7 സിക്സറുകളുടെയും നാല് ബൗണ്ടറിയുടെയും അകമ്ബടിയോടെയാണ് ഇത്രയും സ്‌കോര്‍ നേടിയത്. തുടക്കം മുതല്‍ പത്തിന് മുകളില്‍ റണ്‍റേറ്റോടെയാണ് പഞ്ചാബ് മുന്നേറിയത്. ശിഖര്‍ ധവാന്‍(21) ബെയര്‍സ്റ്റോവിന് മികച്ച കൂട്ടായി നിലകൊണ്ടു. നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്സ്റ്റണ്‍(70) അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടികള്‍ നടത്തിയതാണ് 200 കടക്കാന്‍ പഞ്ചാബിനെ സഹായിച്ചത്. ലിവിങ്സ്റ്റണ്‍ 42 പന്തുകളില്‍ നിന്നായി 4 സിക്സറുകളും അഞ്ച് ഫോറും അടിച്ചു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(19), ജിതേഷ്ശര്‍മ്മ(9),ഹര്‍പ്രീത്ബ്രാര്‍(7),ഋഷി ധവാന്‍(7) എന്നിങ്ങനെയാണ് മറ്റുളള താരങ്ങളുടെ പ്രകടനം. ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു.

പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ റോയല്‍സിന്റെ ഒപ്പണര്‍മാരായ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലിസിസും ചേര്‍ന്ന് വേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ സ്‌കാര്‍ബോര്‍ഡില്‍ 33 റണ്‍സ് ആയപ്പോള്‍ കോഹ്ലി(20) പുറത്തായി. അധികം വൈകാതെ നായകന്‍ ഡുപ്ലിസിസും(10) പവലിയനിലേക്ക് മടങ്ങി.മഹിപാല്‍ ലോംറോര്‍(6) ആയിരുന്ന അടുത്ത ഇര. രജത് പട്ടിദാര്‍(26), ഗ്ലെന്‍ മാക്സ്വെല്‍(35) എന്നിവര്‍ ചേര്‍ന്ന് കരകയറ്റാന്‍ ശ്രമം നടത്തി സ്‌കോര്‍ മൂന്നക്കം കടത്തി. എന്നാല്‍ തുടരെ രണ്ട് പേരുടെയും വിക്കറ്റുകള്‍ വീണത് ബാംഗ്ലൂരിനെ വീണ്ടും പ്രതിസന്ധിയിലാക്കി. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ പ്രതിരോധം ഉയര്‍ത്താനാവാതെ കീഴടങ്ങി. ദിനേഷ് കാര്‍ത്തിക്(11),ഷബാസ് അഹമ്മദ്(9), ഹര്‍ഷല്‍ പട്ടേല്‍(9), വനിന്ദു ഹസരംഗ ഡി സില്‍വ(1) എന്നിങ്ങനെയാണ് മറ്റുളളവരുടെ സംഭാവന. ഈ വിജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി പട്ടികയില്‍ ആറാമത്തെത്തി പ്ലേ ഓഫിനുളള സാധ്യത സജീവമാക്കി. 14 പോയിന്റുകളുളള ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുണ്ട്