പി ടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവും; വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി ടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പോലെ ഒരാൾക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

2021 ൽ പി ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരയിലെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണെന്നും, പി ടി മരിച്ചതുകൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനാകെ അപമാനമാണ് ഈ പ്രസ്താവന. ഒരിക്കലും അദ്ദേഹം പറയാൻ പാടില്ലാത്ത പ്രസ്താവനയായിരുന്നു അത്. തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ നിയമസഭയിലെ കുന്തമുനയായിരുന്നു പി ടി തോമസ്. സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. ആ വൈരാഗ്യമാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ മുഖ്യമന്ത്രി എക്സ്പേർട്ടാണ്. കുലംകുത്തി പ്രയോഗം നടത്തുന്നതിൽ മുഖ്യമന്ത്രി മുന്നിലുണ്ട്. കെ വി തോമസിനെ എൽഡിഎഫ് സ്വീകരിച്ചതോടെ യുഡിഎഫിന് കൂടുതൽ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.