ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മലയാളി വ്യവസായി നൽകിയ വഞ്ചനാ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടി ഉത്തരവിന് എതിരായ ഹർജിയിലാണ് സുപ്രീം കോടതി മാണി സി കാപ്പന് നോട്ടീസ് അയച്ചത്. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി മാണി സി കാപ്പന് നോട്ടീസ് അയച്ചിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ തട്ടിയെടുത്തെന്നാണ് പരാതി. ദിനേശ് മേനോൻ കാപ്പനെതിരെ പരാതി നൽകിയത്. തുടർന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസെടുത്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരായ കേസെടുത്തത്. എന്നാൽ ജൂൺ 18 ന് കാപ്പന്റെ ഹർജിയിൽ മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
പണം വാങ്ങിയെങ്കിലും മാണി സി കാപ്പൻ ഷെയർ നൽകിയില്ലെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടു. കുറച്ചു തുക തിരികെ നൽകിയെങ്കിലും പിന്നീട് ബാക്കി തുക നൽകാൻ കാപ്പൻ തയ്യാറായില്ല. നൽകിയ ചെക്കുകളും മടങ്ങിയെന്നും അദ്ദേഹം പറയുന്നു.

