വീണ്ടും ഇടത് വേദിയിലെത്തി കെ വി തോമസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: വീണ്ടും ഇടത് വേദിയിലെത്തി കെ വി തോമസ്. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലാണ് കെ വി തോമസ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കൺവൻഷൻ വേദിയിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താൻ വൈകിയതെന്ന് കെ വി തോമസ് അറിയിച്ചു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും. അതിന്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നൽകാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാർട്ടിക്ക് ആകുന്നില്ല. കോൺഗ്രസ്സ് പാർട്ടി വർഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാൻ ആകുന്നില്ല. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.