ദോഹ: അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു ആഖ്ലെ (51) റിപ്പോര്‍ട്ടിങ്ങിനിടെ ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്ബിലെ ഇസ്രയേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യവേയാണ് സംഭവം. കരുതി കൂട്ടിയുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ചാനല്‍ അറിയിച്ചു. മറ്റൊരു അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകനും, പ്രൊഡ്യൂസറുമായ അലി അല്‍ സമുദിക്കും വെടിവെപ്പില്‍ പരിക്കേറ്റു.
അതേസമയം, ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ റെയ്ഡ് നടത്തിയെങ്കിലും, റിപ്പോര്‍ട്ടറെ ലക്ഷ്യമാക്കി വെടിവച്ചിട്ടില്ലെന്ന് ഇസ്രയേല്‍ സേന പറഞ്ഞു. കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, ഷിറീന്‍ അബു ആഖ്ലെയുടെ തലക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് അല്‍ജസീറ വ്യക്തമാക്കി. എന്നാല്‍, ഫലസ്തീന്‍ വെടിവെപ്പിലാവാം അബു ആഖ്ലെ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു.
‘ജനങ്ങളുമായി അടുത്തിടപഴകാനാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുത്തത്. യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്നത് അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണം. ഞാന്‍ ഷിറീന്‍ അബു ആഖ്ലയാണ്’- നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുകയുണ്ടായി. അതേസമയം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഭയാനകമായ കുറ്റകൃത്യം’ എന്നാണ് ആഖിലയുടെ കൊലപാതകത്തെ അല്‍ ജസീറ വിശേഷിപ്പിച്ചത്.

