ന്യൂഡൽഹി: പൊഖ്റാൻ ആണവപരീക്ഷണത്തിന്റെ 24 -ാം വാർഷികത്തിൽ ശാസ്ത്രജ്ഞർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ൽ പൊഖ്റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കുമാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
1998 ലെ ആണവപരീക്ഷണങ്ങളുടെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നന്ദി രേഖപ്പെടുത്തിയത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും അദ്ദേഹം അനുസ്മരിച്ചു.
ആണവ പരീക്ഷണ സമയത്ത് വാജ്പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്ര തന്ത്രവുമാണ് പ്രകടിപ്പിച്ചത്. അടൽ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ തങ്ങൾ അഭിമാനത്തോടെ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാൻ താർ മരുഭൂമിയിലെ ഇന്ത്യൻ കരസേനയുടെ പൊഖ്റാൻ ടെസ്റ്റ് റേഞ്ച് പ്രദേശത്ത് നടത്തിയ അഞ്ച് പരീക്ഷണ സ്ഫോടനങ്ങളുടെ ഒരു പരമ്പരയായിരുന്നു പൊഖ്റാൻ-II പരീക്ഷണങ്ങൾ. ഓപ്പറേഷൻ ശക്തിയെന്നാണ് ഇവ അറിയപ്പെടുന്നത്. പൊഖ്റാൻ-II ആണവ പരീക്ഷണങ്ങളുടെ വാർഷികത്തിന്റെ ഓർമയായാണ് എല്ലാ വർഷവും മേയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നത്.

