‘മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ’: സഞ്ജു സാംസണ്‍

മുംബൈ: ഐപിഎല്ലില്‍ ശരാശരി പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നുണ്ടായത്. 11 മത്സരങ്ങളില്‍ 321 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 155.82 സ്ട്രൈക്ക് റേറ്റും 32.10 ശരാശരിയുമാണ് സഞ്ജുവിനുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് സഞ്ജു.

എന്നാല്‍, മികച്ച പ്രകടനം വരാനിക്കുന്നതേയുള്ളുവെന്നാണ് സഞ്ജു പറയുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ‘ഐ പി എല്ലില്‍ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനാണ്. ജോസ് ബട്ലറുടെ സാന്നിധ്യം കളത്തിനകത്തും പുറത്തും സഹായമാകുന്നുണ്ട്. ക്യാപ്റ്റനായതോടെ ബാറ്റിംഗില്‍ ഉള്‍പ്പടെ ചുമതലകള്‍ മാറി. ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ’- സഞ്ജു പറഞ്ഞു.

ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ മത്സരം. ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൊരുതുകയാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു.