ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായമെല്ലാം ഉറപ്പാക്കുമെന്നും ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതിക്ക് പുറത്തും മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
2017 ല്‍ തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകള്‍ നിര്‍മ്മിച്ചായിരുന്നു ഇത്. നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനു വേണ്ടിയാണ് തലാല്‍ അബ്ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. എന്നാല്‍, അയാള്‍ തന്നെ സാമ്ബത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്.

