എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുമ്പ്: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ വാക്കുകള്‍

‘വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. എന്നാല്‍, വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലുള്ളത്. പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്‌കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണ്. അധ്യാപകരുടെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അധ്യാപകര്‍ക്കെതിരെ നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കും. സംസ്ഥാനത്തെ 7077 സര്‍ക്കാര്‍ സ്‌കൂളുകളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ ഇത്തവണ തയ്യാറാക്കും. നോണ്‍ അക്കാദമിക്ക് കാര്യങ്ങള്‍ക്കായാണിത്. എല്ലാ സ്‌കൂളുകളിലും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനുള്ള നിര്‍ദ്ദേശം ഈ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.