ചിക്കൻ അധികം കഴിക്കല്ലേ; ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്

ചിക്കൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. രുചിയേറിയ വിഭവമായതിനാൽ പലരും ആസ്വദിച്ച് ചിക്കൻ കഴിക്കാറുണ്ട്. എന്നാൽ വൻതോതിൽ ചിക്കൻ കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചിക്കൻ ധാരാളം കഴിക്കുന്നതിലൂടെ ലോ ഡെന്‌സിറ്റി ലിപ്പോപ്രോട്ടീനിന്റെ (ബാഡ് കൊളസ്‌ട്രോൾ) അളവുകൾ കൂടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പുറത്തുവിട്ട ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ചിക്കനിൽ ബാക്ടറ്റീരിയ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. കൺസ്യൂമർ റിപ്പോർട്ട് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പരിശോധിച്ച 97 ശതമാനം ചിക്കൻ ബ്രസ്റ്റിലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗങ്ങൾ ഉണ്ടാകാനിടയാകും. ചിക്കൻ ശരിയായി വേവിച്ചതിന് ശേഷമേ കഴിക്കാൻ പാടുള്ളു. സാൽമൊണെല്ല കാംപിലോബാക്ടർ എന്നീ ബാക്റ്റീരിയകളാണ് കൂടുതലായും കോഴിയിറച്ചിയിൽ കാണപ്പെടാറുള്ളത്.

ചിക്കൻ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിക്കനിൽ കാണുന്ന ആന്റിബയോട്ടിക്കുകളാണ് ഇതിന് കാരണമാകുന്നത്. അതിനാൽ തന്നെ ചിക്കൻ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.