കൊച്ചി: കേരളത്തിൽ ചുവടുറപ്പിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാർട്ടി. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുമായി ചേർന്ന് മത്സരരംഗത്ത് സജീവമാകാൻ ധാരണ ആയതോടെ ഇരുപാർട്ടികളും ലയന ചർച്ചകളിലേക്ക് കൂടി കടന്നുവന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ലയന കാര്യങ്ങളിലേക്ക് പോയിട്ടില്ലെന്ന് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് പറയുമ്പോഴും ആം ആദ്മി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത് വ്യത്യസ്ത വിവരമാണ്.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മെയ് 15 ന് കൊച്ചിയിൽ എത്തും. കിഴക്കമ്പലത്ത് ട്വന്റി 20 സംഘടിപ്പിക്കുന്ന ബഹുജന കൺവെൻഷനിൽ പങ്കെടുക്കാൻ ആണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. ഈ യോഗത്തിൽ ലയനം സംബന്ധിച്ച വിഷയത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള ആദ്യപടിയായാണ് തൃക്കാക്കര തെരഞ്ഞെടുപ്പിനെ പാർട്ടി വിലയിരുത്തുന്നത്.
പഞ്ചാബിനും ഡൽഹിയ്ക്കും പിന്നാലെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനം ശക്തമാക്കാനുള്ള നീക്കം ഇതിനോടകം തന്നെ ആം ആദ്മി പാർട്ടി ആരംഭിച്ചു കഴിഞ്ഞു. നീക്കങ്ങളുടെ ഭാഗമായി ആയിരുന്നു
കെജ്രിവാളിന്റെ കർണാടക സന്ദർശനം.
അതേസമയം, തൃക്കാക്കരയിൽ പൊതുസമ്മതനെ മത്സരരംഗത്ത് നിർത്തുക എന്ന വിഷയത്തിലാണ് ഇപ്പോൾ തീരുമാനം ആയതെന്നാണ് സാബു എം ജേക്കബ് അറിയിച്ചത്. മറ്റുള്ള വിഷയങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ല. മൂന്ന് വ്യക്തികളുടെ പേരുകൾ പരിഗണനയിലുണ്ടെന്നും അവസാന തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി 20 യുടെയും ആം ആദ്മി പാർട്ടിയുടെയും ആശയങ്ങൾ ഉൾക്കൊണ്ട് തൃക്കാക്കരയുടെ വികസനത്തിന് സഹായകമാകുന്ന സ്ഥാനാർഥിയെ ആയിരിക്കും ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

