ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുന്ന വൈറസുകൾ പടരുന്നത് വായുവിലൂടെയാണെന്ന കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ. വായുവിൽ കാണപ്പെടുന്ന വൈറസ് കണികകൾ അണുബാധ പരത്തുമെന്ന് ഗവേഷകർ വ്യക്തമാക്കി. അതേസമയം, രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്. മാസ്ക് ധരിക്കുന്നതിലൂടെ കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ആശുപത്രികളിലടക്കം ശാസ്ത്രജ്ഞർ നടത്തിയ കൂട്ടായ പഠനത്തിലാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ചത്.
ജേണൽ ഓഫ് എയറോസോൾ സയൻസിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് രോഗികൾ താമസിച്ച ഇടത്ത് നിന്നടക്കം അന്തരീക്ഷ വായുവിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയ ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. ആശുപത്രികൾ, കൊവിഡ് രോഗികൾ മാത്രം കുറച്ച് സമയം ചെലവഴിച്ച അടച്ചിട്ട മുറികൾ, ഹോം ക്വാറന്റൈൻ ചെയ്ത കോവിഡ് രോഗികളുടെ വീടുകൾ എന്നിവയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പഠന വിധേയമാക്കി. അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം ഇല്ലെങ്കിൽ വൈറസിന് കുറച്ച് സമയം വായുവിൽ തുടരാൻ കഴിയുമെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിച്ചു. ഒരു മുറിയിൽ രണ്ടോ അതിലധികമോ കൊവിഡ് രോഗികൾ ഉള്ളപ്പോൾ വായുവിൽ വൈറസ് വരുന്നതിന്റെ പോസിറ്റിവിറ്റി നിരക്ക് 75% ആണെന്ന് ഗവേഷകർ കണ്ടെത്തി, ഒന്നോ അതിലധികമോ കൊവിഡ് രോഗിയോ മുറിയിൽ ഇരിക്കുമ്പോൾ 15.8% ആയിരുന്നു,’ പഠനത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞൻ പറഞ്ഞു. പഠനത്തിന്റെ ഫലമായി അണുബാധ പടരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് തുടരാൻ ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

