വിജയം തീര്‍ച്ച; തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഉമ്മന്‍ ചാണ്ടി

വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ വിജയം തീര്‍ച്ചയെന്ന് ഉമ്മന്‍ ചാണ്ടി. മഹാരാജാസ് കോളേജ് കാലത്തെ ചടുലമായ പ്രവര്‍ത്തന മികവുള്ള ഉമയ്ക്ക് പി.ടി തോമസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘തൃക്കാക്കരയുടെ മണ്ണില്‍ പി ടി തോമസ് അടിത്തറ പാകിയ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. നിലപാടുകളും സംശുദ്ധമായ പൊതുജീവിതവും കൈമുതലായുള്ള പി ടിയുടെ രാഷ്ട്രീയ യാത്രയില്‍ താങ്ങും തണലും കരുത്തുമായിരുന്നു എന്നും ഉമ. മഹാരാജാസ് കോളേജ് കാലത്തെ ചടുലമായ പ്രവര്‍ത്തന മികവുള്ള ഉമ, പിന്നീട് വഴിമാറി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള വ്യക്തിയാണ്. പി ടി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഉമയ്ക്ക് സാധിക്കുമെന്ന് തീര്‍ച്ചയാണ്. യുഡിഎഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയില്‍ ഉമാ തോമസിന്റെ വിജയം തീര്‍ച്ചയാണ്. പി ടിയോടുള്ള സ്നേഹവായ്പ് ആ വിജയത്തിളക്കം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ്. ഉമയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാനും തൃക്കാക്കരയുടെ ശബ്ദമാകാനും സാധിക്കട്ടെ എന്നാശംസിക്കുന്നു…’