തിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ പോലീസ് നാളെ അപ്പീല്‍ നല്‍കും. നിയമോപദേശം തേടിയ ശേഷമാകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.
ഹിന്ദു മഹാസമ്മേളന വേദിയില്‍ സദസിനെ അഭിസംബോധന ചെയ്യവെയാണ് പി.സി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഏപ്രില്‍ 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധക്കുറിപ്പുകളിറക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇന്നലെ രാവിലെ പി.സി. ജോര്‍ജിന്റെ വസതിയിലെത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം വഞ്ചിയൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് ആശാകോശിയുടെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ കോടതി പി.സി ജോര്‍ജിന് ജാമ്യം നല്‍കുകയുമായിരുന്നു.

