പീഡന കേസ്; അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വിജയ് ബാബു മാറിനിൽക്കും

കൊച്ചി: താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വിജയ് ബാബു മാറിനിൽക്കും. പീഡന കേസിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറിനിൽക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നൽകിയിരുന്നു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നിൽക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ കത്തിലെ ആവശ്യം അമ്മ ഭാരവാഹികൾ അംഗീകരിക്കുകയായിരുന്നു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

ശ്വേത മേനോൻ നയിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലാണ് വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടത്. മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻ കുട്ടി, ഇടവേള ബാബു, അഡ്വ. അനഖ എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ.