തിരുവനന്തപുരം: പി സി ജോർജുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഭീകരവാദികളോടില്ലാത്ത സമീപനം പി.സി ജോർജിനോടെന്തിനാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വി മുരളീധരൻ ചോദിച്ചു.
പി സി ജോർജിനെ പുലർച്ചെ ഈരാറ്റുപേട്ടയിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരംവരെ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും ഇത്രയധികം തിരക്ക് ആർക്കായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ഇതുപോലെ നിരവധി പ്രസംഗങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ. സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടും. ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ പോലീസ് അറസ്റ്റു ചെയ്ത് പോലീസ് സ്റ്റേഷനിൽവച്ചിരിക്കുന്ന ഒരു പൊതുപ്രവർത്തകനെ കാണാൻ പോകുമ്പോൾ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. 58 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന ആരോപണ വിധേയനായ അബ്ദുൾനാസർ മദനി ജയിലിൽ കിടക്കുമ്പോൾ സംസ്ഥാന മന്ത്രിമാരടക്കം എത്രനേതാക്കൾ കാണാൻ പോയിട്ടുണ്ട്. അന്ന് ആർക്കെങ്കിലും പ്രവേശനം നിഷേധിച്ചോയെന്ന് വി മുരളീധരൻ ചോദിച്ചു. നമ്മുടെ നാട്ടിൽ ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ ഈ തിരക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് രാജ്യദ്രോഹ മുദ്രാവാക്യം അടക്കം വിളിച്ചാൽ തെറ്റില്ല എന്നാണ് ഇത്രയുംകാലം എടുത്ത നിലപാട്. പി.സി ജോർജ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന്റെ പേരിൽ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റു ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച് ഈ നാടകമെല്ലാം നടത്തിയത് ആരെ പ്രീണിപ്പിക്കാനാണ്. മാത്രമല്ല മുരളീധരൻ പ്രതികരിച്ചത് വലിയ വിവാദമായെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിക്ക് പ്രതികരിക്കാം, മറ്റ് സർവ ആളുകൾക്കും പ്രതികരിക്കാം മുരളീധരന് പ്രതികരിക്കാനാവില്ല എന്നാണോ. വളരെ സാമാന്യമായ കാര്യങ്ങളാണ് താൻ പറഞ്ഞത്. എല്ലാ കാര്യങ്ങളിലുമുള്ള ഇരട്ടത്താപ്പാണ് ചൂണ്ടിക്കാട്ടിയത്. രാവിലെ മാദ്ധ്യമ പ്രവർത്തകർ എല്ലാവരും കൂടി ചോദ്യം ചോദിച്ചപ്പോൾ ശബ്ദം ഉയർന്നുപോയി എന്നേയുള്ളൂ. താൻ പ്രകോപിതനായില്ല. തനിക്ക് ഒരു പ്രകോപനവും പൊട്ടിത്തെറിയുമില്ല. എ.എ റഹീമിനെതിരെ വാറണ്ട് വന്നാൽ അറസ്റ്റ് ചെയ്യില്ല. പി.സി ജോർജിനെതിരെ വാറണ്ട് ഇല്ലെങ്കിലും അറസ്റ്റു ചെയ്യാം. അത് എന്ത് നിയമമാണ്. ഇരട്ടത്താപ്പ് ജനങ്ങൾ മനസിലാക്കട്ടെ. ജനങ്ങളാണ് ഇക്കാര്യങ്ങൾ തന്നോട് ചോദിക്കുന്നത്. പോലീസുകാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

