ഗൂഢാലോചന കേസ്: സായ് ശങ്കറിന്റെ മൊഴി നാളെ രേഖപ്പെടുത്തും; അനൂപും സുരാജും മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചൊവ്വാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സൈബര്‍ വിദഗ്ദനായ സായ് ശങ്കറിന്റെ മൊഴിയും നാളെ ഉച്ചക്ക് രണ്ട് മണിക്ക് അന്വേഷണ സംഘം രേഖപ്പെടുത്തും. ആലുവ പോലീസ് ക്ലബ്ബില്‍ തന്നെയാണ് സായിയോടും ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘം നടപടികളുമായി മുന്നോട്ടു പോവുകയാണ്. സി ആര്‍ പി സി 173 (8) വകുപ്പ് പ്രകാരം അന്വേഷണം തുടരാമെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സംഘം നാളെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരുടെ മൊഴിയും ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തും.