‘മുങ്ങുന്ന കപ്പല്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്ന കപ്പിത്താന്‍’; രാഹുല്‍ ഗാന്ധിക്കെതിരെ പി.ജെ കുര്യന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ.കുര്യന്‍. ‘രാഹുല്‍ ഗാന്ധിക്ക് നിലപാടുകളില്‍ യാതൊരു വിധ സ്റ്റെബിലിറ്റിയുമില്ല. മുങ്ങാന്‍ പോകുമ്പോള്‍ കപ്പല്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുന്ന കപ്പിത്താനെപ്പോലെയാണ് രാഹുല്‍ ഗാന്ധി. സംഘടനയ്ക്കു ബുദ്ധിമുട്ടും പ്രയാസവുമുണ്ടാകുമ്പോള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം തേടുന്നതിന് പകരം കപ്പലും ഉപേക്ഷിച്ച് പുറത്ത് ചാടി ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. രാഹുലിനെ ചുറ്റിപ്പറ്റി ഒരു കോക്കസുണ്ട്. യാതൊരു അനുഭവ പരിജ്ഞാനമോ, പാരമ്പര്യമോ ഉള്ളവരല്ല. തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത ഇവരുടെ വാക്കു കേട്ടാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്’- അദ്ദേഹം കുറ്റപ്പെടുത്തി.

പി.ജെ കുര്യന്റെ വാക്കുകള്‍

‘പാര്‍ട്ടിക്ക് തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വി ഉണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ ഒരു പ്രസിഡന്റില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാഗാന്ധിക്ക് സംസ്ഥാനങ്ങളില്‍ പോയി ക്യാമ്ബയിന്‍ നടത്താനാവുന്നില്ല. ഈ ഘട്ടത്തില്‍ ശക്തനായ ഒരു പ്രസിഡന്റ് കൂടിയേ കഴിയൂ. പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായാലും അത് വലിയൊരു സ്ഥാനമാണ്. ആ സ്ഥാനം രണ്ട് മൂന്ന് വര്‍ഷങ്ങായി ഒഴിഞ്ഞു കിടക്കയാണ്. കോണ്‍ഗ്രസിപ്പോ നാഥനില്ലാ കളരി പോലെയാണ്. 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റ് പദവി ഉപേക്ഷിച്ച അദ്ദേഹം പക്ഷേ പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് ശരിയായ നടപടി അല്ല. അംഗീകരിക്കാനും ആവില്ല. ഒരിക്കല്‍ തനിക്ക് സ്ഥാനം വേണ്ടാ എന്ന് പറഞ്ഞ് ഇട്ടെറിഞ്ഞു പോയ സാഹചര്യത്തില്‍ സംഘടനയ്ക്കു പുതിയ പ്രസിഡന്റുണ്ടാവണമെന്നാണ് ജി 23 ആവശ്യപ്പെടുന്നത്. അദ്ദേഹം മത്സരിച്ച് വീണ്ടും പ്രസിഡന്റാവുന്നതില്‍ എതിര്‍പ്പില്ല. തനിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ട എന്ന് പറഞ്ഞ് കളം വിട്ട രാഹുല്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുകയും, മറ്റൊരാളെ ആ സ്ഥാന ത്തേക്ക് നിയമിക്കുന്നതിന് തടസം നില്‍ക്കുകയും ചെയ്യുന്നത് അംഗീകരി ക്കാനാവില്ല. തനിക്ക് ചുറ്റുമുള്ള ഉപജാപക സംഘത്തിന്റെ ഇംഗിത മനുസരിച്ച് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ആരും തോന്നുന്നില്ല. അഭിപ്രായങ്ങള്‍ പറയാനുള്ള വേദികളുമില്ല. മൊത്തത്തില്‍ അനിശ്ചിതാവസ്ഥയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തെ സൈഡ് ലൈന്‍ ചെയ്തു കൊണ്ടുള്ള ഈ പോക്ക് നല്ലതിനല്ല. അങ്ങനെ പോയിട്ട് വല്ല ഗുണമുണ്ടായോ, തിരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നം പാടി. ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘം ഹൈക്കമാണ്ടിന് കത്ത് തയ്യാറാക്കി അയച്ചത്. അന്ന് ഒപ്പിട്ടത് 23 പേരായിരുന്നു, അതുകൊണ്ട് ജി – 23 എന്നറിയപ്പെടുന്നു. പാര്‍ട്ടി പ്രസിഡന്റാവാന്‍ നെഹ്റു കുടുംബത്തില്‍ നിന്ന് തന്നെ ആളുവേണമെന്ന് ശഠിക്കാനാവില്ല. പാര്‍ട്ടിക്കുവേണ്ടി ആ കുടുംബം നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാവില്ല. അത്ര വലിയ ത്യാഗവും മികവുറ്റ സംഭാവനകളും നല്‍കിയ പാരമ്ബര്യമാണവരുടേത്. ഇതൊക്കെ അംഗീകരിക്കുമ്‌ബോഴും ആ കൂടുംബത്തിന് പുറത്തു നിന്നൊരാള്‍ പ്രസിഡന്റാവുന്നതില്‍ ഒരു തെറ്റുമില്ല. എല്ലാ കാലവും നെഹ്റു കുടുംബത്തില്‍ നിന്നു തന്നെ ഉള്ളവര്‍ പാര്‍ട്ടി പ്രസിഡന്റാവണം എന്ന് വാദിക്കുന്നത് ന്യായീകരിക്കാനാവില്ല. ആ കുടുംബത്തില്‍ യോഗ്യത ഉള്ളവരുണ്ടെങ്കില്‍ വരട്ടെ. ഇല്ലെങ്കില്‍ മാറിക്കൊടുക്കണം. അവര്‍ മാത്രമേ അധ്യക്ഷന്‍ ആകാവു എന്ന വാദം അംഗീകരിക്കാനാവില്ല’.