ഐപിഎല്‍: ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ജയം

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 16 റണ്‍സ് ജയം. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് ഡല്‍ഹിക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ഗ്ലെന്‍ മാക്സ്്വെല്‍ (34 പന്തില്‍ 55), ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) എന്നിവരുടെ ഇന്നിംഗ്സാണ് ആര്‍സിബിക്ക് തുണയായത്. 66 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. റിഷഭ് പന്ത് (17 പന്തില്‍ 34) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൃഥ്വി ഷാ (16), മിച്ചല്‍ മാര്‍ഷ് (14), റോവ്മാന്‍ പവല്‍ (0), ലളിത് യാദവ് (1), ഷാര്‍ദുല്‍ ഠാക്കൂര്‍ (17) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. അക്സര്‍ പട്ടേല്‍ (10), കുല്‍ദീപ് യാദവ് (10) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കാണ് ആര്‍സിബിക്ക്് ലഭിച്ചത്. ഓപ്പണര്‍മാരായ അനുജ് റാവത്ത് (0), ഫാഫ് ഡു പ്ലെസിസ് (8) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മൂന്ന് ഓവറിനിടെ ആര്‍സിബിക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഏഴാം ഓവറില്‍ വിരാട് കോലി (12) റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി മൂന്നിന് 40 എന്ന നിലയിലായി. ഇതിനിടെ സുയഷ് (12) മടങ്ങിയതോടെ നാലിന് 75 എന്ന നിലയിലേക്ക് വീണു. ഒരറ്റത്ത് ആക്രമിച്ച കളിച്ച മാക്സ്വെല്ലിലായിരുന്നു ടീം ഇത്രയെങ്കിലും റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 92 റണ്‍സ് ആയിരിക്കെ മാക്സ്വെല്ലും മടങ്ങി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച്. പിന്നീടാണ് ആര്‍സിബി ആഗ്രഹിച്ച ഇന്നിംഗ്സ് പിറന്നത്. ദിനേശ് കാര്‍ത്തിക് (34 പന്തില്‍ പുറത്താവാതെ 66) നിറഞ്ഞാടി. അഞ്ച് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്സ്. ഷഹബാസ് അഹമ്മദ് (21 പന്തില്‍ പുറത്താവാതെ 32) വലിയ പിന്തുണ നല്‍കി. ഇരുവരും കൂട്ടിചേര്‍ത്ത 97 റണ്‍സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.