ഭരണത്തിലായിരുന്നപ്പോൾ അപകടകാരിയായിരുന്നില്ല; ഇനി താൻ കൂടുതൽ അപകടകാരിയാകുമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഭരണകൂടത്തിന് മുന്നറിയിപ്പുമായി മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭരണത്തിലായിരുന്നപ്പോൾ അപകടകാരിയായിരുന്നില്ലെന്നും എന്നാൽ ഇനി താൻ കൂടുതൽ അപകടകാരിയാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്താനിലെ പെഷവാറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം.

തന്നെ അധികാരത്തിൽ നിന്നും പുറത്താക്കിയതിൽ അദ്ദേഹം ദുരൂഹത ആരോപിക്കുകയും ചെയ്തു. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുൻപ് കോടതികൾ അർദ്ധരാത്രി തുറന്നത് എന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ജുഡീഷ്യറി സ്വതന്ത്രമായ രീതിയിലല്ല പ്രവർത്തിച്ചത്. ഈ സർക്കാരിനെ ജനങ്ങൾ അംഗീകരിക്കില്ല. സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തുകയാണ്. ഒരു നേതാവിനെ പുറത്താക്കുമ്പോൾ ജനങ്ങൾ ആഘോഷിക്കുകയാണ് പതിവെന്നും എന്നാൽ തന്നെ പുറത്താക്കിയതിൽ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. പുതിയ സർക്കാരിനെ അധികാരത്തിലേറ്റി അമേരിക്ക പാകിസ്താനെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.