ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി. ദുർബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി വളരെ ആവശ്യമാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് പ്രതിരോധ ശേഷി കൈവരിക്കുക എന്നത്. ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യപരമായ ജീവിത ശൈലി നിലനിർത്തുന്നതിലൂടെയും പ്രതിരോധ ശേഷി വർധിപ്പിക്കാം.
തിരക്കേറിയ ദൈനംദിന ജീവിതശൈലി പലപ്പോഴും അവഗണിക്കപ്പെട്ട ആരോഗ്യത്തിലേക്കും പ്രതിരോധശേഷി കുറയുന്നതിലേക്കും നയിക്കുന്നുവെന്നാണ് മൈത്രി വുമൺസ് ഹെൽത്ത് സ്ഥാപകയും സീനിയർ കൺസൾട്ടന്റ്- ഗൈനക്കോളജിസ്റ്റുമായ ഡോ. അഞ്ജലി കുമാർ പറയുന്നത്. വിളർച്ച, ബ്രോങ്കൈറ്റിസ്, ചർമ്മ അണുബാധകൾ, ദഹന പ്രശ്‌നങ്ങൾ എന്നിവ പ്രതിരോധശേഷി കുറവുള്ള ഒരാളിൽ പ്രകടമാകാം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, അണുബാധകൾ, എച്ച്‌ഐവി അല്ലെങ്കിൽ എയ്ഡ്‌സ് എന്നിവയും പ്രതിരോധശേഷി കുറയുന്നതിന് പിന്നിലെ മറ്റ് ചില കാരണങ്ങളാണ്.
ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളെ കുറിച്ചും ഡോ. അഞ്ജലി കുമാർ വിശദമാക്കുന്നുണ്ട്. ഇടയ്ക്കിടെയുള്ള ജലദോഷം, അണുബാധകൾ, അവയവങ്ങളുടെ വീക്കം, ചർമ്മത്തിലെ തിണർപ്പ് എന്നിങ്ങനെയുള്ള നിങ്ങളുടെ ശരീരത്തിലെ ചില പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഞ്ജലി കുമാർ വ്യക്തമാക്കി. ഇടയ്ക്കിടെ ജലദോഷം പിടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണമാണ്. ദഹനപ്രശ്‌നങ്ങൾ സൂചിപ്പിക്കുന്നതും നിങ്ങളുടെ പ്രതിരോധ സംവിധാനം അത് വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാകാമെന്നും അഞ്ജലി കുമാർ അറിയിച്ചു.

