10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയിൽ നിർമാണം പൂർത്തിയായ കെ കെ പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുജറാത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആകെ 1,100 സീറ്റുകളും. ഇന്ന് ഇന്ത്യക്ക് 36-ലധികം മെഡിക്കൽ കോളേജുകളിലായി 6,000 സീറ്റുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭുജിലെ ശ്രീ കുച്ചി ലെവ പട്ടേൽ സമാജം നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്.

കച്ചിലെ ആദ്യത്തെ ചാരിറ്റബിൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടിയത്. കെ കെ പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നാണ് ആശുപത്രിയ്ക്ക് പേര് നൽകിയിട്ടുള്ളത്. പ്രദേശത്തെ ജനങ്ങൾക്ക് അതിവേഗം ആശുപത്രിയിലൂടെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കും. 200 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകുന്നു.

ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, ജോയിന്റ് റീപ്ലേസ്മെന്റ്, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ മറ്റ് സേവനങ്ങളും ലഭ്യമാണ്. കൂടാതെ, ജനങ്ങൾക്ക് പരിമിതമായ വിലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.