മറുപടി നല്‍കും; അച്ചടക്കം ലംഘിച്ചോ എന്ന് സമിതി തീരുമാനിക്കട്ടെ: കെ. വി തോമസ്‌

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രത്യേക അജണ്ടയാണെന്നും കെ.വി തോമസ്. ‘അച്ചടക്ക സമിതിക്ക് നല്‍കുന്ന മറുപടിയില്‍ എല്ലാം വിശദീകരിക്കും. ഞാന്‍ അച്ചടക്കം ലംഘിച്ചോ എന്നത് അച്ചടക്ക സമിതി പരിശോധിക്കട്ടെ. അച്ചടക്ക സമിതിയുടെ നടപടി എന്തായാലും അംഗീകരിക്കും’- കെ വി തോമസ് മാധ്യങ്ങളോട് വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി ഉറപ്പെന്ന് കെ സുധാകരന്‍ പറഞ്ഞു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വര്‍ഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്നും, ഓട് പൊളിച്ചുവന്ന ആളല്ല താനെന്നും കെ.വി പറഞ്ഞിരുന്നു. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം ലംഘിക്കേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.