ഗസ്റ്റുകള്‍ക്ക് ഗസ്റ്റ് ആപ്പ്; അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ ഉറപ്പു വരുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍/കോണ്‍ട്രാക്ടര്‍മാര്‍ മുഖേന അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സും സ്ഥാപന ഉടമയുടെ രജിസ്‌ട്രേഷനും നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം.

2010 ല്‍ ആരംഭിച്ച കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വ രജിസ്‌ട്രേഷന്‍ താരതമ്യേന കുറവാണ്. നിലവില്‍ 58,888 അതിഥി തൊഴിലാളികളാണ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനും ഫോട്ടോ നല്‍കുന്നതിനും അതിഥി തൊഴിലാളികള്‍ വിമുഖത കാട്ടുന്നതാണ് അംഗത്വം വര്‍ധിക്കാതിരിക്കാന്‍ കാരണം. ഈ സാഹചര്യം കണക്കിലെടുത്ത് അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിനായാണ് ‘ഗസ്റ്റ് ആപ്പ്’ എന്നപേരില്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഗസ്റ്റ് ആപ്പി’ ന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിലാളികള്‍ക്ക് ഐ ഡി കാര്‍ഡ് വിതരണം ചെയ്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഐഡി കാര്‍ഡ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് നമ്പറില്‍ ലഭിക്കുന്ന സംവിധാനവും ആപ്പില്‍ ലഭ്യമാണ്.