ഇസ്ലമാബാദ്: പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി പാകിസ്ഥാന് മുസ്ലീം ലീഗ് നവാസ് വിഭാഗം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷനാണ് ഷെഹ്ബാസ്. ഇമ്രാന് ഖാനെ അവിശ്വാസത്തിലൂടെ പുറത്താക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. പഞ്ചാബ് പ്രവിശ്യയുടെ മുന്‍ മുഖ്യമന്ത്രിയുമാണ് ഷെഹ്ബാസ് ഷെരീഫ്.
അതേസമയം, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ പുതിയ വിദേശകാര്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബേനസീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ബിലാവല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത്.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാകിസ്ഥാന് ദേശീയ അസംബ്ലി വീണ്ടും ചേരും. ഇന്നലെ അര്‍ദ്ധരാത്രി ഇമ്രാന് ഖാന് പുറത്താക്കപ്പെട്ടതോടെയാണ് ഷെഹ്ബാസ് ഷെരീഫ് വീണ്ടും ആസ്ഥാനത്തേയ്ക്ക് എത്തുന്നത്. 174 വോട്ടുകള്‍ക്ക് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പാസായപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്.

