ന്യൂഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്രങ്ങൾ നിർമിക്കുന്നതിനൊപ്പം ഹിന്ദു ആചാരങ്ങളും പ്രാർത്ഥനകളും പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ആവശ്യവും വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് വെയ്ക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവ് വിനോദ് ബൻസാൽ ഉൾപ്പടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്.
27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ശേഷമാണ് അവിടെ കുത്തബ് മിനാർ നിർമിച്ചതെന്നും രാജ്യത്തെ കളിയാക്കാൻ വേണ്ടി മാത്രമാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും വിനോദ് ബൻസാൽ അഭിപ്രായപ്പെട്ടു. നേരത്തെ മേഖലയിൽ ഉണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളും പുനർനിർമിക്കണമെന്നും അവിടെ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുത്തബ് മിനാർ സമുച്ചയത്തിൽ ഗണേശ വിഗ്രഹങ്ങൾ അനാദരവോടെ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ദിവസം ദേശീയ സ്മാരക അതോറിറ്റി ചെയർമാനും ബിജെപി നേതാവുമായ തരുൺ വിജയ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്.

