ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ധർ സായ് ശങ്കർ

കൊച്ചി: ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ധർ സായ് ശങ്കർ. ദിലീപിന്റെ ഫോണിൽ നിന്ന് വിവരങ്ങൾ മായ്ച്ച കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനെതിരെ സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം.

തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ ആരോപിക്കുന്നു.

അതേസമയം ക്രൈംബ്രാഞ്ച് എസ്പിയുടെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നു. എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂവെന്ന് എസ് പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഈ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവും സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.