ഐപിഎല്‍: മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം

പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് എന്ന വിജയലക്ഷ്യം നാലോവറുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഡാനിയേല്‍ സാംസ് എറിഞ്ഞ 16-ാ0 ഓവറില്‍ നിന്നും 35 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്. ഒരു നോബോള്‍ അടക്കം നാല് സിക്സും രണ്ട് ഫോറുകളുമാണ് ഈ ഓവറില്‍ പിറന്നത്.

നേരത്തെ ബൗളിങ്ങില്‍ നാലോവറില്‍ 49 റണ്‍സ് വഴങ്ങിയ കമ്മിന്‍സ് പക്ഷെ ബാറ്റിങ്ങില്‍ തീയാവുകയായിരുന്നു. കേവലം 15 പന്തുകളില്‍ 56 റണ്‍സാണ് ഓസീസ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളുടെയും നാല് സിക്‌സുകളുടെയും അകമ്ബടിയോടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ കമ്മിന്‍സ് ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡിനൊപ്പമെത്തി. 14 പന്തുകളില്‍ നിന്ന് കെ എല്‍ രാഹുല്‍ നേടിയ അര്‍ധസെഞ്ചുറി റെക്കോര്‍ഡിനൊപ്പമാണ് കമ്മിന്‍സ് തന്റെ പേര് എഴുതി ചേര്‍ത്തത്. കമ്മിന്‍സിന് പുറമെ അര്‍ധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും (41 പന്തില്‍ 50) മികച്ച പ്രകടനം നടത്തി.

തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി നിര്‍ത്തിയെങ്കിലും കമ്മിന്‍സ് ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു. 14-ാ0 ഓവറില്‍ കമ്മിന്‍സ് ക്രീസിലെത്തുമ്‌ബോള്‍ ജയത്തിന് 61 റണ്‍സ് അകലെയായിരുന്നു കൊല്‍ക്കത്ത. ക്രീസിലെത്തി നേരിട്ട ആദ്യ പന്ത് സിക്‌സ് അടിച്ചുതുടങ്ങിയ കമ്മിന്‍സ് അതിവേഗത്തില്‍ മത്സരം തീര്‍ക്കാനുള്ള പുറപ്പാടിലായിരുന്നു. ടൈമല്‍ മില്‍സിന്റെയും (14-ാ0 ഓവര്‍) ബുംറയുടെയും (15-ാ0 ഓവര്‍) ഓവറുകളില്‍ ഒരു സിക്സും ഒരു ഫോറും വീതം നേടിയ ഓസീസ് താരം ഡാനിയല്‍ സാംസിന്റെ ഓവറിലാണ് വിശ്വരൂപം പൂണ്ടത്. സാംസിന്റെ ഓവറില്‍ തന്നെ കളി തീരുമെന്ന് കടുത്ത കൊല്‍ക്കത്ത ആരാധകര്‍ പോലും വിചാരിച്ചുകാണില്ല. സാംസിനെ ആദ്യ പന്തില്‍ സിക്‌സിന് പറത്തിയ കമ്മിന്‍സ് പിന്നീട് താരത്തെ കണക്കിന് ശിക്ഷിക്കുകയായിരുന്നു. അതുവരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞിരുന്ന സാംസ് ഈ ഓവറില്‍ വഴങ്ങിയ 35 റണ്‍സ് ഉള്‍പ്പെടെ മൂന്നോവറില്‍ 50 റണ്‍സാണ് വഴങ്ങിയത്.