സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ല; കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദം: എം.വി ജയരാജന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്നാണെന്നും, കോടതി വിലക്ക് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതി ഇടപെടല്‍ വേണ്ടത്. പെട്രോള്‍ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്താണ്? സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപട്ടണമല്ല. കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്’- ജയരാജന്‍ പറഞ്ഞു.