36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോകകപ്പ് യോഗ്യത നേടി കാനഡ

ഒട്ടാവ: 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫിഫ ലോകകപ്പില്‍ പന്തുതട്ടാന്‍ കാനഡയും ഖത്തറിലേക്ക്. ഇന്നലെ കോണ്‍കക്കാഫ് മേഖല യോഗ്യതാ മത്സരത്തില്‍ ജമൈക്കയെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്.

ഈ മേഖലയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. 1986ലാണ് കാനഡ അവസാനമായി ലോകകപ്പില്‍ കളിച്ചത്. അന്ന് ഗ്രൂപ്പ് റൗണ്ടില്‍ ഒരു കളിപോലും ജയിക്കാതെ പുറത്തായിരുന്നു.

മേഖലയിലെ പ്രമുഖ ടീമായ അമേരിക്ക ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ പനാമയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അമേരിക്ക 5-1ന് വിജയം നേടിയിരുന്നു.