ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും: പാര്‍വതി തിരുവോത്ത്‌

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും, റിപ്പോര്‍ട്ട് നടപ്പാവാന്‍ ചിലപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാര്‍വതി വിമര്‍ശിച്ചു.

‘അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുകയും, മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിക്കുകയും ചെയ്തു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. ബോള്‍ഡായി ജീവിച്ച് തളര്‍ന്നു. സ്ത്രീയായാലും പുരുഷനായാലും ഉള്ളിലെ മനുഷ്യത്വം ഉണര്‍ത്തിയാല്‍ മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഏതു മനുഷ്യനായാലും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്, ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. തല മറയ്ക്കുന്നത് അവരുടെ അവകാശമാണ്. അവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം കാലം നമ്മള്‍ നിര്‍ബന്ധപൂര്‍വം അതു മാറ്റാന്‍ പാടില്ല. വേറൊരാള്‍ അത് ചെയ്യരുത്, ഇത് ചെയ്യരുതെന്നും പറഞ്ഞ് ഒരു സര്‍ക്കാരും വിശ്വാസത്തെ നിയന്ത്രിക്കാന്‍ പാടില്ല. എന്റെ വീട്ടില്‍ വളരെയേറെ സ്വാതന്ത്ര്യത്തോടെ ജീവിച്ച വ്യക്തിയാണ് ഞാന്‍. കുടുംബം, മാതാപിതാക്കള്‍, എല്ലാം എന്നിലെ എന്നെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. അടുത്തിടെ സംവിധായകന്‍ ഉപദ്രവിച്ച പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതുപോലും വല്ലാത്ത രീതിയിലാണ്. ട്രോമ അനുഭവിച്ച സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും അറിയില്ല. പരിശോധനയും ചോദ്യം ചെയ്യലും സഹിക്കാന്‍ വയ്യാതെ ആ പെണ്‍കുട്ടി എന്റെയടുത്ത് വന്നിരുന്നു. ട്രോമാകെയറിംഗ് എങ്ങനെയാണെന്ന് ഇവര്‍ക്കാെക്കെ പരിശീലനം നല്‍കേണ്ടിയിരിക്കുന്നു. തൊഴിലിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാനും പരാതിപ്പെടാനുമായി ഇന്റേണല്‍ പരാതി പരിഹാര സംവിധാനം ഉണ്ടെന്നുപോലും പലര്‍ക്കും അറിയില്ല’. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചരത്‌ന വിമെന്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു നടി.