കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ വീടുകളില്‍ കയറിയുള്ള കല്ലിടല്‍ നടപടികള്‍ നിയമപരമാണോയെന്ന് ഹൈക്കോടതി.
‘കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയത്? ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണം. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. എന്നാല്‍, ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ല. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം. അതേസമയം, സര്‍വേയുടെ രീതി നിയമപരമാണോ എന്ന് ചിന്തിക്കണം. ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്തുമ്പോള്‍ ഉടമയെ അറിയിക്കേണ്ട ബാധ്യതയുണ്ട്. അല്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ല’- സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

