ദേശീയ പണിമുടക്ക്: 4,828 സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ വന്നത് വെറും 32 പേര്‍

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം സെക്രട്ടേറിയേറ്റില്‍ ജോലിക്കെത്തിയത് 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയേറ്റിലെ ആകെയുള്ള ജീവനക്കാരുടെ എണ്ണം 4,828 ആണ്. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാന ജീവനക്കാരും ഇന്ന് ജോലി ചെയ്തു. മന്ത്രിമാരില്‍ ഭൂരിഭാഗം പേരും സെക്രട്ടേറിയേറ്റിലെത്തിയിട്ടില്ല.

അതേസമയം, സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ സെക്രട്ടേറിയേറ്റിലെ ഭരണ നടപടികളും നിലച്ചു. ഇ-ഫയലാണെങ്കിലും വളരെ പ്രധാനപ്പെട്ട ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

കര്‍ഷക സംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്ക് ചേരുന്നുണ്ട്. നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്.