പുതിയ രണ്ട് അപ്ഡേറ്റുകളുമായാണ് വാട്‌സാപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതില്‍ ആദ്യത്തേത് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടും രണ്ടാമത്തേത് മെസേജ് റിയാക്ഷനുമാണ്. ഒരേസമയം നാലോളം വ്യത്യസ്ത ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. എന്നാല്‍, ഓരോ മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകു.
നിലവില്‍ പ്രൈമറി ഡിവൈസിന്റെ (വാട്‌സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഫോണ്‍) സഹായത്തോടെ വാട്‌സാപ്പ് വെബ് ഉപയോഗിച്ച് ഡെസ്‌ക്ടോപ്പിലോ ലാപ്ടോപ്പിലോ ലോഗിന്‍ ചെയ്യാവുന്നതാണ്. വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ പ്രൈമറി ഡിവൈസിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണായിരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രൈമറി ഡിവൈസില്‍ ലിങ്ക് ചെയ്യാതെ തന്നെ മറ്റ് നാല് ഡിവൈസുകളില്‍ കൂടെ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കും. മറ്റുള്ളവയില്‍ ഉപയോഗിക്കാന്‍ പ്രൈമറി ഡിവൈസില്‍ നെറ്റ് കണക്ഷന്‍ വേണമെന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍, പ്രൈമറി ഡിവൈസ് ഇല്ലാതെ മറ്റ് ഡിവൈസുകളിലേക്ക് ലൈവ് ലൊക്കേഷന്‍ അയക്കാനോ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകള്‍ ഉണ്ടാക്കാനോ ആ ലിസ്റ്റിലേക്ക് സന്ദേശങ്ങള്‍ അയക്കാനോ സാധിക്കില്ല. മാത്രമല്ല വാട്‌സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ലിങ്ക് പ്രിവ്യൂവും ഉണ്ടാവില്ല. ഇത്രയും നാള്‍ ഇത് ബീറ്റ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ ഇത് എല്ലാവര്‍ക്കും ലഭ്യമായിരിക്കുകയാണ്.
അതേസമയം, രണ്ടാമത്തെ ഫീച്ചറായ മെസേജ് റിയാക്ഷന്‍ ഇപ്പോള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമേ ലഭ്യമാവുകയുള്ളു. സന്ദേശങ്ങളോട് ഇമോജിയിലൂടെ പ്രതികരിക്കുന്നതിനുള്ള സംവിധാനമാണിത്. മറ്റാരെങ്കിലും അയച്ച മെസേജില്‍ ലോംഗ് പ്രസ് ചെയ്താല്‍ അവിടെ ഇമോജി പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കാം.

