കൊച്ചി: സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിലാണ് സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെയും രൂക്ഷമായി വിമർശിച്ച് കോടതി രംഗത്തെത്തിയത്. കോടതി ഉത്തരവ് മറികടക്കാൻ സർവകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതി വിമർശനങ്ങൾ ഉന്നയിച്ചത്. കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളമെന്ന് പറയരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊടിതോരണങ്ങൾ വെയ്ക്കാൻ അനുമതി വേണമെന്നാണ് രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഇത് കോടതിയിൽ നേരിട്ട് പറയാൻ പാർട്ടികൾ ധൈര്യം കാണിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാൽ എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ചോദിക്കുന്നു.
കോടതിയുടെ ഇടപെടലോടെ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടർന്നാണ് കൊച്ചിയിൽ കഴിഞ്ഞ വർഷം ഒരു വീട്ടിൽപ്പോലും വെള്ളം കയറാതിരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
പാതയോരത്തെ കൊടിതോരണങ്ങൾ നീക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടാനാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചത്. പാതയോരത്തെ കൊടി തോരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം. മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ കൊടിതോരണങ്ങൾ സ്ഥാപിക്കാൻ കോടതിയുടെ അനുമതി തേടാനും സർവകകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പാർട്ടി സമ്മേളന വേളകളിൽ സ്ഥാപിക്കുന്ന കൊടിതോരണങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ മാറ്റാനും യോഗത്തിൽ തീരുമാനിച്ചു.

