‘ദി കശ്മീര്‍ ഫയല്‍സ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് സര്‍ക്കാര്‍

ചണ്ഡീഗഡ്: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് സര്‍ക്കാര്‍. ചണ്ഡീഗഡ് മള്‍ട്ടിപ്ലെക്സുകളിലും തിയേറ്ററുകളിലും അടുത്ത നാല് മാസത്തേക്ക് ചിത്രത്തിന് കേന്ദ്രഭരണ പ്രദേശത്തെ ചരക്ക് സേവന നികുതി ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ എക്‌സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പിന്റെ ഉത്തരവ് അടുത്ത നാല് മാസത്തേക്ക് നിലനില്‍ക്കും. ഈ ഓര്‍ഡറിന്റെ തിയ്യതിക്ക് മുമ്പ് ശേഖരിച്ച നികുതിയും, നാല് മാസത്തിന് ശേഷം ശേഖരിക്കുന്ന നികുതിയും തിരികെ നല്‍കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലെക്‌സുകളും പ്രവേശന തുകയില്‍ വര്‍ദ്ധനവ് വരുത്തുകയോ വിവിധ ക്ലാസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഗോവ, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ചിത്രം നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, 10-ാം ദിവസം 28 കോടിയാണ് കളക്ഷന്‍ നേടിയത്. ഇതോടെ സിനിമയുടെ ആകെ കളക്ഷന്‍ 170 കോടി രൂപയോളം എത്തി എന്നാണ് റിപ്പോര്‍ട്ട്. കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും പലായനവും പ്രമേയമാക്കിയാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.