യുപിയില്‍ വിഷാംശമുള്ള മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള മിഠായി കഴിച്ച സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് കുട്ടികള്‍ മരിച്ചു. യുപിയിലെ കുശിനഗര്‍ ജില്ലയിലെ ദിലീപ് നഗര്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമര്‍ (2) എന്നിവരും ഇവരുടെ സമീപവാസിയായ അരുണ്‍ (5) എന്ന കുട്ടിയുമാണ് മരിച്ചത്.

സഹോദരങ്ങളായ കുട്ടികളുടെ മുത്തശ്ശി മുഖിയ ദേവിക്ക് ലഭിച്ച ബാഗിലുണ്ടായിരുന്ന മിഠായി കൊച്ചുമക്കള്‍ക്കും അരുണിനും നല്‍കുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് കുശിനഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നിഗമനങ്ങളില്‍ എത്തിച്ചേരാനാകുമെന്ന് പോലീസ് അറിയിച്ചു.

മിഠായി കഴിച്ചയുടന്‍ കുട്ടികള്‍ക്ക് ബോധം നഷ്ടമായി. വിഷം കലര്‍ത്തിയ മിഠായികള്‍ ആരോ കുട്ടികളുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പ് ഇതേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ സമാനമായ രീതിയില്‍ മരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.