‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയം നടപ്പാക്കാനുള്ള ശേഷി കമ്മീഷനുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. എന്നാല്‍, ഭരണഘടനാ സംബന്ധമായ മാറ്റങ്ങള്‍ ആവശ്യമുള്ള വിഷയമായതിനാല്‍ പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടനാ പ്രകാരം എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര ലഭിച്ചതിന് ശേഷമുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ അത്തരലായിരുന്നു നടന്നിരുന്നതും. മൂന്ന് തിരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിന് മുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തിരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നത് നല്ലരു നിര്‍ദേശമാണ്. എന്നാല്‍ അതിന് ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതേസമയം, രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനായി അഞ്ച് വര്‍ഷം തികയാത്ത നിയമസഭകള്‍ പിരിച്ചുവിടാന്‍ ഭരണഘടനാ പ്രകാരം സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. രണ്ട് തവണയായി പകുതി വീതം സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണ സജ്ജമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ശേഷിയും കമ്മീഷനുണ്ട്’- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ റാലികളും പദയാത്രകളും നിരോധിക്കേണ്ടി വന്നതെന്നും, വോട്ടും വോട്ടര്‍മാരും സുരക്ഷിതമായിരിക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ തീരുമാനത്തെ എതിര്‍ത്തില്ല. അക്കാര്യത്തില്‍ അവരോട് നന്ദി പറയുകയാണെന്നും സുശീല്‍ ചന്ദ്ര കൂട്ടിച്ചേര്‍ത്തു.