കേരളാ ബജറ്റ് ഒറ്റനോട്ടത്തിൽ…..

തിരുവനന്തപുരം: 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്.

മൂലധന ചെലവിനായി 14891 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം.

വിജ്ഞാനത്തെ ഉൽപ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ

1000 കോടി രൂപ ചെലവിൽ 4 സയൻസ് പാർക്കുകൾ. നോളജ് എക്കോണമി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവിൽ ഡിസ്ട്രിക്ട് സ്‌കിൽ പാർക്കുകൾ. ഈ പാർക്കുകളിൽ ഭാവി സംരംഭകർക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വർഷത്തേക്ക് സബ്‌സിഡിയും മറ്റ് സൗകര്യങ്ങളും.

140 കോടി രൂപ ചെലവിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കിൽ കോഴ്‌സുകൾ ആരംഭിക്കും.

മെഡിക്കൽ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോർത്തിണക്കി 100 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും.

ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉൽപ്പാദന ക്ഷമത മെച്ചപ്പെടുത്തൽ, മെഡിക്കൽ, കാർഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവിൽ കേരള ജനോമിക് ഡേറ്റാ സെന്റർ .

ന്യൂട്രാസ്യൂട്ടിക്കൽസിൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും.

കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാർക്കുകൾ, കൂടാതെ ദേശീയ പാത 66-ന് സമാന്തരമായി 4 ഐ.ടി ഇടനാഴികൾ.
അൻപതിനായിരം മുതൽ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാർക്കുകൾ.

50 കോടി രൂപ ചെലവിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാൻ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള ‘വർക്ക് നിയർ ഹോം’ പദ്ധതി

വ്യാവസായിക വളർച്ച ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകളും സ്വകാര്യ വ്യവസായ പാർക്കുകളും സ്ഥാപിക്കും.

കാർഷിക വിഭവങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കാൻ മൂല്യവർദ്ധിത കാർഷിക മിഷൻ.

മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ബൾക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സർട്ടിഫിക്കേഷൻ മുതലായവയ്ക്ക് 175 കോടി രൂപ ചെലവിൽ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ

കേരളത്തിന്റെ തനതായ ഉൽപ്പന്നങ്ങൾ ഉൽപ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവിൽ 10 മിനി ഫുഡ് പാർക്കുകൾ.

കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധനത്തിൽ മാർക്കറ്റിംഗ് കമ്പനി.

റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാക്കാനും സർട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവർക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോർക്ക വകുപ്പിന് 10 കോടി രൂപ.

2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും.

ആദിത്യ മാതൃകയിൽ അടുത്ത 5 വർഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാർ എനർജിയിലാക്കും.
കേരളത്തിലെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കൾക്ക് 500 കോടി രൂപയുടെ വായ്പ.

2023-24 സാമ്പത്തികവർഷം മുതൽ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ ‘പരിസ്ഥിതി ബജറ്റ് ‘ അവതരിപ്പിക്കും.

നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയർത്തും.

മനുഷ്യ-വന്യമൃഗ സംഘർഷങ്ങളിൽ പരിക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിനായി 7 കോടി രൂപ.

കേരള ഗ്രാമീൺ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ

സിയാലിനെ പൊതുമേഖലയിൽ നിലനിർത്താൻ 186 കോടി രൂപയുടെ മൂലധന നിക്ഷേപം.

രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ
ഇടുക്കി, വയനാട്, കാസർഗോഡ് പാക്കേജുകൾക്കായി 75 കോടി രൂപ വീതം

ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ

വഴിയോര കച്ചവടക്കാർക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സോളാർ പുഷ് കാർട്ടുകൾ 28 കോടി രൂപ ചെലവിൽ ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ ടെക്‌നോളജി ഹബ്
കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ ബാങ്ക് ലോണുകൾക്ക് പലിശയിളവ് നൽകാനും തൊഴിൽ നൽകുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കാനുമായി 30 കോടി രൂപ

കയർ മേഖലയ്ക്ക് 117 കോടി രൂപ, കയറുൽപ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ

സ്‌കൂൾ യൂണിഫോമിന് 140 കോടി രൂപ

കൈത്തറി മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാൻ 40.56 കോടി രൂപയുടെ മാർക്കറ്റിംഗ് ഇൻസെന്റീവ്.

കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴിൽ 100 സ്റ്റാർട്ടപ്പുകൾക്കും MSME-കൾക്കും 2 കോടി രൂപ സാമ്പത്തിക സഹായം
ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ

സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ

സ്റ്റാർട്ടപ്പ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി സർക്കാർ വകുപ്പുകളിലെ വാങ്ങലുകളിൽ മുൻഗണന. ഇതിനായി വെബ് പോർട്ടൽ

ദേശീയ പാത അതോറിറ്റിയുടെ കീഴിൽ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിൽ സ്ഥലമേറ്റെടുക്കലിന്റെ 25-50 ശതമാനം തുക സർക്കാർ വഹിക്കുന്നു.

തിരുവനന്തപുരം – അങ്കമാലി എം.സി റോഡിന്റെയും, കൊല്ലം-ചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ്ബി വഴി കോടി

റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി രൂപ.

റോഡ് നിർമ്മാണത്തിൽ റബ്ബർ മിശ്രിതം കൂടി ചേർക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപ

കെ.എസ്.ആർ.ടി.സിയ്ക്ക് 1106 കോടി രൂപ

സ്ത്രീ സുരക്ഷ മുൻനിർത്തി പൊതുഗതാഗത സംവിധാനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം

കെ-റെയിൽ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ.

ഇടുക്കി- വയനാട് – കാസർഗോഡ് എയർ സ്ട്രിപ്പ് നിർമ്മാണത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി 4.51 കോടി രൂപ.

ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആർ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ വിഭാവനം ചെയ്ത ചാമ്പ്യൻസ് ബോട്ട് ലീഗിനായി 15 കോടി രൂപ

കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകൾ

പട്ടിക വിഭാഗങ്ങളിൽപ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വാതിൽപ്പടി റേഷൻ കട.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ.

കെ-ഡിസ്‌കിന് 200 കോടി രൂപ

നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവിൽ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.

കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തിൽ 2 കോടി രൂപ ചെലവിൽ കഥകളി പഠന കേന്ദ്രം.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാർത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവിൽ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.

പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിർമ്മിക്കാൻ 1 കോടി രൂപ

ചേരനല്ലൂരിൽ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിർമ്മിക്കാൻ 30 ലക്ഷം രൂപ

സ്‌പോർട്‌സ് എക്കോണമി ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടുകൂടി കായിക ഉപകരണങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ.

കാൻസർ കെയർ സ്യൂട്ട് എന്ന പേരിൽ കാൻസർ രോഗികളുടെയും ബോൺമാരോ ഡോണർമാരുടെയും വിവരങ്ങളും സമഗ്ര കാൻസർ നിയന്ത്രണ തന്ത്രങ്ങളും ഉൾപ്പെടുത്തിയ സോഫ്റ്റ് വെയർ വികസിപ്പിക്കും.

അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ.

കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവർത്തന പദ്ധതികൾക്ക് ഡി.പി.ആർ തയ്യാറാക്കുന്നതിന് 5 കോടി രൂപ.

തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട് സിറ്റി മിഷൻ.

അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യിച്ച് തിരിച്ചറിയൽ നമ്പർ നൽകാനായി കേരള അതിഥി മൊബൈൽ ആപ്പ് പദ്ധതി

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവൻസ് വർദ്ധിപ്പിക്കും.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സിവിൽ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർമാരായി 2 വർഷത്തേക്ക് നിയമിക്കും

ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ്

ട്രാൻസ് ജൻഡറുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതിയ്ക്ക് 5 കോടി രൂപ.

കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിൻ ടണൽ പദ്ധതിയ്ക്കും തലപ്പാടി-കാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കുന്നു.

കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ലോട്ടറികൾ പുനഃസ്ഥാപിക്കും.

കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കും.

ട്രഷറി ഇടപാടുകളുടെ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രിൽ 1 മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തും.

ട്രഷറി വഴി യൂട്ടിലിറ്റി പേയ്‌മെന്റുകള് സാധ്യമാക്കാൻ അടുത്ത സാമ്പത്തിക വർഷം മുതൽ ഇ-വാലറ്റ് സംവിധാനം

കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വർഷത്തിൽ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും.

കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വർഷത്തിനകം പതിനായിരം കോടി രൂപയായി വർദ്ധിപ്പിക്കും.

കെ.എഫ്.സിയുടെ സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വർഷം 250 കോടി രൂപയുടെ ലോണുകൾ

കെ.എഫ്.സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യുടെ വായ്പാ പരിധി 2 കോടി രൂപയായി വർദ്ധിപ്പിക്കും.

ചെറുകിട ഇടത്തരം സംരംഭകരുടെ ബിൽ ഡിസ്‌കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി
KFC -വഴി MSME പ്രവർത്തന മൂലധന വായ്പയ്ക്കായി 500 കോടി
കാർഷിക വ്യവസായങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ KFC -വഴി 10 കോടി രൂപയുടെ വായ്പ
ജി.എസ്.ടി ഇൻവോയിസുകൾ അപ് ലോഡ് ചെയ്യുന്നവരിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനായി ലക്കി ബിൽ പദ്ധതി

നികുതി നിർദ്ദേശം

അബദ്ധത്തിൽ കൂടുതൽ തുക പ്രളയ സെസ്സ് ആയി അടച്ചവർക്ക് റീഫണ്ട് നൽകുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തും.

15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർദ്ധിപ്പിക്കും.

2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി 1 ശതമാനം വർദ്ധിപ്പിക്കും.

രജിസ്‌ട്രേഷൻ വകുപ്പിൽ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവർഷത്തിലേക്ക് നീട്ടും.

ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിക്കും.

വിവിധ നികുത നിർദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.