ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി വിജയം ഉറപ്പിച്ച മട്ടാണ്. പഞ്ചാബിൽ ആംആദ്മി പാർട്ടിയാണ് വിജയിച്ചത്. യുപിയിൽ ബി.ജെ.പി. 260 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ബിജെപി 20-ലധികം സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമ്പോൾ വിജയഘോഷ യാത്രകൾ നടത്തുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വോട്ടെണ്ണൽ സമയത്തും ശേഷവും വിജയഘോഷയാത്രകളുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതായും വിജയഘോഷയാത്രയ്ക്കുള്ള മൊത്തത്തിലുള്ള നിരോധനം പിൻവലിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കാലയളവിൽ, കോവിഡ് സ്ഥിതി മെച്ചപ്പെട്ടതിനാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിച്ച് തെരഞ്ഞെടുപ്പ് മുദ്രാവാക്യം മുഴക്കലുമായി സംബന്ധിച്ച മാനദണ്ഡങ്ങളിൽ ക്രമേണ ഇളവ് വരുത്തിയതായും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

