അമൃത്സർ: പഞ്ചാബിൽ വിജയക്കൊടി പാറിച്ച് ആംആദ്മി പാർട്ടി. വോട്ടെണ്ണൽ പരോഗമിക്കുമ്പോൾ തന്നെ പഞ്ചാബിലെ രാഷ്ട്രീയ ചിത്രം ഏകദേശം വ്യക്തമായിരുന്നു. പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം പെട്ടെന്നൊരു ദിവസം കൊണ്ട് മാറി മറിഞ്ഞതല്ല. ആ മാറ്റത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.
ഒരു മാറ്റത്തിന് വേണ്ടി പഞ്ചാബിലെ വലിയയൊരു വിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നു. പ്രധാന കക്ഷിയായ ശിരോമണി അകാലിദൾ വിവിധ ഘട്ടങ്ങളിലായി ബിജെപിയുമായും, കോൺഗ്രസുമായും ചേർന്ന് 24 വർഷമാണ് ഭരിച്ചത്. തൊഴിലില്ലായ്മ, നീതി നടപ്പാക്കുന്നതിലെ വേഗതക്കുറവ്, മയക്കുമരുന്ന് മാഫിയ, അനധികൃത മണൽക്കടത്ത് തുടങ്ങിയവയെല്ലാമാണ് ഒരു രാഷ്ട്രീയ മാറ്റത്തിന് പഞ്ചാബ് ജനത ആഗ്രഹിക്കാൻ കാരണം.
70 വർഷത്തോളം രണ്ട് വലിയ രാഷ്ട്രീയകക്ഷികൾ ഭരിച്ചിട്ടും അതിന്റെ പ്രയോജനം പഞ്ചാബിന് ലഭിച്ചിരുന്നില്ല. ഈ സൗഹചര്യത്തിലാണ് ഡൽഹി മോഡൽ ഉയർത്തിപ്പിടിച്ച് ആം ആദ്മി പാർട്ടി എത്തുന്നത്. സർക്കാർ തലത്തിലെ മികച്ച വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യം എന്നിവയാണ് വോട്ടർമാരെ സ്വാധിനിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ സമൂല പരിവർത്തനം അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. എല്ലാ മാസവും വനിതകളുടെ അക്കൗണ്ടിലേക്ക് 1000 രൂപ ഡെപ്പോസിറ്റ് ചെയ്യുമെന്നുള്ള ഉറപ്പും അദ്ദേഹം ജനങ്ങൾക്ക് നൽകിയിരുന്നു. ഇതെല്ലാം വിജയം നേടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. ആകെയുള്ള 117 സീറ്റുകളിൽ 89 എണ്ണത്തിലാണ് എഎപി വിജയിച്ചത്.

