ആലപ്പുഴ: ആലപ്പുഴക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വലിയഴീക്കല്‍ പാലം ഇന്നത്തോട യാഥാര്‍ത്ഥ്യമാകുന്നു. ആലപ്പുഴ ജില്ലയിലെ വലിയഴീക്കലില്‍ നിന്ന് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിലേക്കുള്ള യാത്രയില്‍ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കുന്നതിനു പുറമെ ടൂറിസം മേഖലയിലും പുതു സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പദ്ധതി.
അറബിക്കടലിന്റെ പൊഴിമുഖത്തിന് സമാന്തരമായി നിര്‍മിച്ചിരിക്കുന്ന പാലം സവിശേഷമായ രൂപകല്‍പ്പനകൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. അഴീക്കല്‍, വലിയഴീക്കല്‍ ബിച്ചുകളെയും ഹാര്‍ബറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള യാത്ര കടലിലേയും കായലിലേയും കാഴ്ച്ചകള്‍ സമ്മാനിക്കുന്നു.
ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായാല്‍ തൃക്കുന്നപ്പുഴ- വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം തുറക്കുന്നതോടെ സാധിക്കും. 2016 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല. 2016ലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. 139.35 രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 981 മീറ്റര്‍ നീളമുണ്ട്. അനുബന്ധപാത കൂടി ചേര്‍ത്താല്‍ നീളം 1.216 കി.മീ ആകും. രാജ്യത്തെ പ്രമുഖ സ്റ്റ്രക്ചറല്‍ എന്‍ജിനീയര്‍മാരില്‍ ഒരാളായ ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. ഏഷ്യയില്‍ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് ഇത്. ചൈനയിലെ 1741 മീറ്റര്‍ നീളമുള്ള ഷാവോതിയാന്‍മെന്‍ പാലം കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവും വലിയഴീക്കലിലേതാണ്.

