ചെന്നൈ: നടന് ചിമ്പു നല്കിയ മാനനഷ്ട കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ഈ മാസം 31നകം പിഴയടക്കണമെന്നാണ് നിര്‍ദ്ദേശം.
2016-ല്‍ ചിമ്പു നായകനായ ‘അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍’ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം ചിമ്പുവാണെന്നും, ചിത്രീകരണത്തോട് അദ്ദേഹം സഹകരിച്ചില്ലെന്നും സിനിമയുടെ നിര്‍മ്മാതാവായ മൈക്കിള്‍ രായപ്പന് ആരോപിച്ചിരുന്നു. ഇതിനെതിരെ, അപകീര്‍ത്തി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിമ്പു കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെയും, പ്രസിഡന്റായ വിശാലിനെയും ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിരുന്നു.
മൂന്ന് വര്‍ഷമായിട്ടും സംഘടന കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി.

