മാനസികാരോഗ്യ പ്രശ്‌നങ്ങളും ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം; മുന്നറിയിപ്പ് നൽകി ഗവേഷകർ

തെറ്റായ ഭക്ഷണ ശീലങ്ങൾ, ശരിയായി പല്ല് തേയ്ക്കാത്തത് എന്നിവ ഉൾപ്പെടെ വായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങളും ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വിവിധ കാരണങ്ങളാൽ ദന്ത പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വിഷാദരോഗികളും ഉത്കണ്ഠാകുലരുമായ ആളുകൾ മോശം ഭക്ഷണശീലങ്ങൾ പിന്തുടരുകയോ പോഷകാഹാരത്തിൽ ശ്രദ്ധ ചെലുത്താതിരിക്കുകയോ ചെയ്‌തേക്കാം. ഇത് അവരുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാനിടയുണ്ടെന്ന് ദന്തരോഗ വിദഗ്ധർ വ്യക്തമാക്കുന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗങ്ങൾ പല പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പല്ലിന്റെ ഉപരിതല ഇനാമലിനെ ബാധിക്കാമെന്നും ദന്താരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. മാനസികാരോഗ്യവും ദന്ത പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ സമ്മർദ്ദം അപകട ഘടകങ്ങളിലൊന്നാണ്. സ്‌ട്രെസ് പല ദന്തരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെരിയോഡോന്റോളജിയും മുന്നറിയിപ്പ് നൽകുന്നു.

സമ്മർദ്ദം ദന്തക്ഷയത്തിനും കാരണമാകും. മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും ദന്താരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.