ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം അടിസ്ഥാനമാക്കി സംവിധായകന്‍ കെ എം കമല്‍ ഒരുക്കിയിരിക്കുന്ന പട എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനായകന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാണാനാവുക എന്നാണ് അഭിപ്രായം.
1996 ഒക്‌റ്റോബര്‍ നാല്, രാവിലെ പതിനൊന്ന് മണിയോടെ അയ്യങ്കാളി പട എന്ന സംഘടനയിലെ നാല് യുവാക്കള്‍ പാലക്കാട് കലക്ട്രേറ്റില്‍ എത്തുന്നു. സന്ദര്‍ശകര്‍ക്കൊപ്പമിരുന്ന ഇവര്‍ ഉടന്‍ തന്നെ കലക്റ്ററെ ബന്ധിയാക്കുന്നു. പിന്നീട് കേരളം ചര്‍ച്ച ചെയ്ത മണിക്കൂറൂകള്‍. സര്‍ക്കാര്‍ 1975 ല്‍ പാസാക്കിയ ‘ആദിവാസി ഭൂനിയമ’ത്തില്‍ ഭേദഗതി വന്നു. ഈ ഭേദഗതി തിരുത്തണമെന്ന ആവശ്യത്തില്‍ രാത്രി വൈകിയും കലക്റ്ററെ മോചിപ്പിക്കാനുള്ള കേരളാ പൊലീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. ഒടുവില്‍ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കുന്നു. ഇവര്‍ക്കെതിരേ കേസെടുക്കില്ലെന്ന ഉറപ്പോടെ. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുമില്ലെന്നതാണ് കഥയുടെ പ്രമേയം.
അതേസമയം, നടന്‍ വിനായകന്‍ സിനിമയെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘ഞാന്‍ എല്ലാ കൂട്ടത്തിലുമുള്ള ആളാണ്. എനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം, അത് ഏത് രാഷ്ട്രീയമാണെങ്കിലും ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്. സിനിമയില്‍ പറയാനുദ്ദേശിക്കുന്നതും അത്തരത്തില്‍ ഒരു പ്രശ്‌നത്തെ കുറിച്ചാണ്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഇത്തരമൊരു വിഷയത്തെ കുറിച്ച് നമ്മളെ ചിന്തിപ്പിച്ചത് സംവിധായകന്റെ നല്ല മനസ്,’ വിനായകന്‍ പറഞ്ഞു. വളരെ മികച്ച ഒരു ചിത്രമാണ് പടയെന്നും അടുത്ത കാലത്ത് ഇത്രയും പവര്‍ഫുള്ളായിട്ടുള്ള സിനിമ കണ്ടിട്ടില്ലെന്നുമായിരുന്നു സംവിധായകന്‍ സിബി മലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. വളരെ പ്രസക്തമായ ഒരു വിഷയത്തെ വളരെ ഗൗരവമായി തന്നെ സമീപിച്ചിട്ടുണ്ട്. വലിയ ഒരു ഇംപാക്ട് ഉണ്ടാക്കുന്ന ഒരു സിനിമയായി പട മാറുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി രവി എന്നു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്

